Sunday, May 17, 2009

24. Kaali Nadakam -- Poem written by sree narayana guru- also in audio versionKali Natakam കാളിനാടകം - Sri Narayana Guru


നമോ നാദബിന്ദ്വാത്മികേ! നാദഹീനേ!
നമോ നാരദാദീഢ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ!
സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളയിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തര്‍ക്കു നിത്യം
വരുന്നോരുതുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമറാവിരാതങ്കബീജം
കുറഞ്ഞോരുനേരം നിനയ്ക്കുന്ന ഭക്തര്‍ -
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം.
നിറഞ്ഞങ്ങനെ വിശ്വമെല്ലാമൊരുപ്പോ-
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാള്‍
കഴിഞ്ഞാലുമില്ലോരു നാശം; കുറഞ്ഞൊ-
ന്നറിഞ്ഞീടരായിന്നഹോ! ഘോരരൂപം
മറഞ്ഞീടുമോ വിശ്വമെല്ലാമിതെന്നോര്‍
ത്തറിഞ്ഞീടുവാന്‍ ശക്തരാരുള്ളു ലോകേ?
മഹാദിവ്യദേവേശ, ഗൗരീശ, ശംഭോ,
മഹാമായ, നിന്‍ വൈഭവം ചിന്തനീയം.
അടിക്കുള്ളു തോണ്ടിപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന മന്ദാകിനിക്കി-
ങ്ങടക്കം കൊടുപ്പാനിടം പെട്ടിരിക്കും
ജടയ്ക്കമ്പിളിത്തെല്ലുമെല്ലും വിലോല-
ച്ചലദ്ഭംഗമന്ദാരമാണിക്യമാലാ-
വിലയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു-
ജ്ജ്വലിച്ചുത്തരംഗീകൃതം പൊന്‍കിരീടം
പരം പഞ്ചമിച്ചന്ദ്രനും തോറ്റുപോയി
തിരയ്ക്കപ്പുറം കുറ്റമില്ലെന്നു തേറി-
ത്തിറംവിട്ടു കപ്പം കൊടുക്കുന്ന നെറ്റി-
ക്കുറിക്കുള്ളില്‍ വീണാഴിയേഴാമരഞ്ഞാ-
ണരയ്ക്കന്വഹം ചാര്‍ത്തുമുര്‍വ്വീമണാളന്‍
മഹാദേവനും ബ്രഹ്മനും മുന്‍പരായോ-
രഹോ! മായയില്‍ പെട്ടിരിക്കുന്നു ചിത്രം!
മഹാത്മാക്കളായുള്ളവര്‍ക്കും നിനച്ചാല്‍
മഹാമായ! നിന്‍ വൈഭവം കിന്തരണ്യം?
അനംഗന്റെ പൂവില്ലിനല്ലല്‍പ്പെടുത്തും
കുനുച്ചില്ല്ലിവല്ലിക്കൊടിത്തല്ലു തെല്ലി-
ങ്ങനംഗന്നുമംഗത്തിലേറ്റാലൊഴിച്ചൂ-
ടനങ്ങാതെ പോയങ്ങടങ്ങുന്നതേ നല്‍
പ്പദത്താര്‍ ഭജിക്കുന്നവര്‍ക്കുള്ളൊരത്തല്‍
പ്പദത്തെക്കെടുപ്പാനതേ ചില്ലി രണ്ടും
വശത്താക്കിവച്ചെപ്പൊഴും മിന്നിമിന്നു-
ന്നതും കണ്ണിണപങ്കജപ്പൂവിലോലും
കൃപത്തേന്‍കണക്കണ്‍കണം മാരിചേര്‍ത്താര്‍ -
ത്തിപോക്കും കടക്കണ്ണു രണ്ടിങ്കലും
വിമ്മിവിമ്മിത്തിടുക്കെന്നു പായുന്ന
കല്ലോലിനിക്കും പടുത്വം കൊടുക്കുന്നൊ-
രാനന്ദവാരിക്കടല്ക്കരെ-
പ്പാദഭക്തപ്രയുക്തശ്രുതംസ്തോത്ര-
സംഗീതനൃത്തങ്ങളും തൃച്ചെവികൊണ്ടു
നില്‍ക്കുന്ന കര്‍ണ്ണങ്ങളില്‍പ്പൊന്‍മണിക്കുണ്ഡലം
കൊണ്ടൊളിപ്പെട്ടു പൊങ്ങും ഘൃണിക്കങ്കിതം
ഗണ്ഡകണ്ണാടിയും നന്‍മണിച്ചെമ്പരത്തിപ്ര-
സൂനം നമിക്കും മണിച്ചുണ്ടു രണ്ടിന്നുമുള്ളായ് വിളങ്ങും
പളുങ്കൊത്താ പല്‍പത്തി മുത്തുപ്പടത്തി-
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തു ബന്ധം?
തെളിഞ്ഞിങ്ങനെ പൂര്‍ണ്ണചന്ദ്രന്നുമല്ലല്‍ -
ക്കളങ്കം കൊടുക്കുന്നെതിര്‍ദ്വന്ദ്വശോഭാങ്കുരം
വക്ത്രബിംബം കരാളോന്നതശ്രീകരം
ഘോരദംഷ്ട്രാദ്വയം ഭീഷണീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭൂതവേതാളകുളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടു കുന്തം,
കുടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിര്‍ത്തോടി മണ്ടുന്ന കണ്ഠസ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ-
മിടിക്കും പടുത്വം കൊടുക്കുന്ന പൊട്ടി-
ച്ചിരിക്കെട്ടു ദിക്കും പൊടിക്കായ്ക്കൊടുക്കും
കടുംപന്തു കൊങ്കക്കുടം താളമേളം
പിടിച്ചംബരീജാലസംഗീതനൃത്തം
തുടിക്കിങിണീവേണുനാദവീണാപ്രയോഗം
ചെവികൊണ്ടു തങ്കക്കുടക്കൊങ്ക രണ്ടും
കുളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്തമുത്തുപ്പടങ്കല്പവൃക്ഷ-
ത്തലം പൂങ്കുലക്കൊത്തു കോര്‍ത്തിട്ടു
മാലാകളങ്കാവിഹീനം കലാപിച്ചു-
മേതാനലങ്കാരബന്ധങ്ങളും മറ്റു-
മുള്ളോരലം ശക്തരല്ലാരുമോതാനിതൊന്നും
പിടിക്കുള്ളടക്കിക്കൊടുക്കും വയറ്റി-
ന്നടിക്കോമനപ്പൂമണിപ്പട്ടുടുത്ത-
മ്മുടിച്ചിക്കു കച്ചപ്പുറം വച്ചിറുക്കി
ക്കടിക്കാമവണ്ടിക്കുടകത്തീന്നിഴിഞ്ഞ
ത്തുടക്കാമ്പു തുമ്പിക്കരശ്രീ നമിക്കും
അനംഗന്റെ തൂണീരമോടേറ്റു തമ്മില്‍
പിണക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നു-
കണങ്കാലടിക്കച്ഛപം തോറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാലടിത്താമരപ്പൂവിലോലം
കളിക്കുന്ന പൂന്തേന്‍ നുകര്‍ന്നാത്തമോദം
വിളങ്ങുന്ന ദേവാംഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സുഖീചാരുനര്യാണിതന്നില്‍
ത്സണത്കാരപൂരം വഹിച്ചും നടന്നും
മുദാ ശോഭകൈലാസശൃംഗേ ലസിച്ചും
തദാ ദേവനരീ സമക്ഷം വഹിച്ചും
നമിച്ചും സുരന്മാര്‍ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാനന്ദമോടാവിരാശാ-
വധിക്കുള്ള കാമം ലഭിച്ചും പദാന്തേ ഭജിച്ചും
തദാവാസദേശേ വസിച്ചും സുഖിച്ചും
രമിച്ചും സ്വകാര്യേഷ്വലം സംഭ്രമി-
ച്ചങ്കുരിച്ചത്തലും മൂലമാക്കി വിള-
ങ്ങുന്നിവണ്ണം ഭവതൃക്കടക്കണ്‍ ചുളിച്ചൊന്നു
നോക്കായ്ക മൂലം കൃപാലോ! നമസ്തേ നമസ്തേ!
നമസ്തേ മഹാഘോരസംസാരവാരാ-
ന്നിധിക്കക്കരെക്കേറുവാന്‍ തൃപ്പദത്താ-
രിണക്കപ്പലല്ലാതൊരാലംബനം മ-
റ്റെനിക്കൊന്നുമില്ലംബ കാരുണ്യരാശേ
നിനയ്ക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക-
ണ്ണിണത്തേന്‍കടാക്ഷം ലഭിപ്പാനണഞ്ഞേന്‍
പദാംഭോജവൈമുഖ്യമെന്നില്‍ പിണഞ്ഞീ-
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ!
പണം പെണ്ണിലും മണ്ണിലും ചെന്നു പുക്ക-
ശ്വസിച്ചാത്തമോദം ഗുണംകെട്ടു
ദുഃഖിച്ചു പോവാനയയ്ക്കൊല്ലഹം
ദേഹമെന്നോര്‍ത്തു സത്ത്വാദിയാം മുക്കുണംകെട്ടു-
പെട്ടോരു മായാവിലാസം ക്ഷണം ക്ഷീണ-
ലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബാ, നമസ്തേ! നമസ്തേ!
2 comments:

arun said...

i want to down lode this poem please give me link

Manakkodan said...

great effort.........congrats

Post a Comment