---സ്വാമി മുനി നാരായണപ്രസാദ്
യേശുവിനെയും ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മധ്വാചാര്യരെയും ഒക്കെ സാമുദായികത വെച്ചുകൊണ്ട് നോക്കുന്നവരുണ്ടെങ്കിലും അവര്‍ നല്കിയ ജ്ഞാനസാരത്തിന്റെ സ്വരൂപം ഉള്‍ക്കൊള്ളാന്‍ പണ്ഡിതസമൂഹവും വിശ്വാസിസമൂഹവും ഒരുപോലെ ശ്രദ്ധവെക്കുന്നു. നാരായണഗുരുവിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ, അത് ഇനി സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വരാം.
നാരായണഗുരുവിന്റെ ജന്മദിനം കേരളത്തില്‍ അങ്ങോളമിങ്ങോളവും കേരളീയര്‍ വസിക്കുന്ന മറുനാടുകളിലും വളരെ കേമമായി ആഘോഷിച്ചുവരുന്നുണ്ട്. ഈ അവസരത്തില്‍ ആനുകാലികങ്ങള്‍ ഗുരുവിനെക്കുറിച്ച് സാംസ്‌കാരിക നേതാക്കന്മാര്‍ എഴുതിയ ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇതില്‍ താത്പര്യംവെക്കുന്നത് ഒരു പ്രത്യേക സമുദായക്കാര്‍ മാത്രമാണ്. ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ, ആ സമുദായത്തിന്റെ സംഘടനാ നേതാക്കന്മാര്‍ ഗുരുവിനെ 'നമ്മുടെ സമുദായ ഗുരു' എന്ന് പ്രകീര്‍ത്തിച്ചു തുടങ്ങിയിരുന്നു. അത് എല്ലാ സമുദായക്കാരും അംഗീകരിക്കുകയും ചെയ്തു.
ഇങ്ങനെ ഒരു ഗുരുവിനെ പ്രത്യേക സമുദായത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തളച്ചിട്ടുകാണുന്ന പ്രവണത നാരായണഗുരുവിന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചത്. നാരായണഗുരുവിനെ ഈഴവരും തീയരും സ്വന്തം സമുദായ ഗുരുവായി കാണുന്നതുപോലെ, നായര്‍ സമുദായം ചട്ടമ്പിസ്വാമികളെ കുലഗുരുവായി കാണുന്നു. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ എന്നീ ഗുരുക്കന്മാരെ ബ്രാഹ്മണരിലെ ഓരോ വിഭാഗം അതതുസമൂഹത്തിന്റെ ഗുരുവായിക്കണ്ട് ആദരിക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ ഏകത്വത്തെ, സത്യത്തിന്റെ ഏകത്വത്തെ മാത്രം കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് ജീവിതരഹസ്യം വെളിപ്പെടുത്താന്‍ ശ്രമിച്ച മഹാഗുരുക്കന്മാരെ ഇത്തരത്തില്‍ കാണുന്നത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെതന്നെ മഹാശാപമാണെന്നു പറയേണ്ടിയിരിക്കുന്നു.
മറ്റൊരുതരം ആരാധകര്‍
ഗുരുവിന്റെ മഹത്ത്വത്തെ വിലയിരുത്തുന്ന മറ്റൊരു കൂട്ടര്‍ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരുമാണ്. അവര്‍ ഊന്നല്‍ കൊടുക്കുന്നത് ആനുകാലിക കേരളത്തില്‍ ഗുരു മുഖാന്തരം ഉണ്ടായ സാമൂഹിക നവോത്ഥാനത്തിനാണ്. ഇതിന്റെ പല വശങ്ങളെ എടുത്തുകാണിച്ചുകൊണ്ടുള്ളതായിരിക്കും അവര്‍ നടത്തുന്ന പ്രസംഗങ്ങളും നയിക്കുന്ന ചര്‍ച്ചകളും. അങ്ങനെയുള്ള പല നേതാക്കന്മാരും പുതിയ പുതിയ പുസ്തകങ്ങളും ആണ്ടുതോറും എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടുമിരിക്കുന്നു.
സത്യദര്‍ശിയായ ഒരു ഗുരുവിന്റെ സ്വാധീനം ജനജീവിതത്തിന്റെ രണ്ടു രംഗങ്ങളില്‍ പ്രതിഫലിക്കും. ഒന്ന്, ആനുകാലിക സാഹചര്യങ്ങളോടും പ്രശ്‌നങ്ങളോടും ആ മഹാത്മാവ് എങ്ങനെ പ്രതികരിച്ചു എന്നതും കുറവുകള്‍ നികത്താന്‍ എങ്ങനെ സഹായിച്ചു എന്നതും. രണ്ട്, ശാശ്വതമായി നിലനില്ക്കുന്ന സ്വാധീനം. യേശു ഇന്നും ലോകജനതയുടെ അന്തര്‍മണ്ഡലത്തില്‍ നിത്യയൗവനത്തോടുകൂടി ജീവിക്കുന്നത്, ആ ദൈവപുത്രന്‍ മൊഴിഞ്ഞ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്ന സത്യത്തിന്റെ നിത്യനൂതനത്വംകൊണ്ടാണ്. (യേശു സ്വന്തമായി ഒന്നും എഴുതി വെച്ചില്ല.) താന്‍ ജീവിക്കാനിടയായ യഹൂദജനതയുടെ ജീവിതക്രമത്തോടും വിശ്വാസപ്രമാണങ്ങളോടും ഒക്കെ എങ്ങനെയാണ് യേശു പ്രതികരിച്ചതെന്നും എങ്ങനെയാണ് അവരെ തിരുത്തിയതെന്നും ഉള്ളത് ആനുഷംഗികംമാത്രം. അതുപോലെ, നാരായണഗുരുവും തന്റെ ചുറ്റും കാണുന്ന സാമൂഹികമായ സമ്പ്രദായങ്ങളിലെ ഔചിത്യരാഹിത്യത്തോടും അശാസ്ത്രീയതയോടും പ്രതികരിച്ചതും അവയെ തിരുത്തിയതും ആനുഷംഗികംമാത്രം. ഗുരുവിന്റെ തനതായ മഹിമ, അവിടന്ന് നേരിട്ടുതന്നെ എഴുതിവെച്ച ദാര്‍ശനികകൃതികളിലും സ്‌തോത്രകൃതികളിലും ഹിതോപദേശ പ്രധാനമായ കൃതികളിലുമായി നിറഞ്ഞുനില്ക്കുന്നു. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ മൂന്നു ഭാഷകളില്‍ ഒരേസമയം കൃതഹസ്തനായ ഒരപൂര്‍വ കവികൂടിയായിരുന്നു ഗുരു എന്ന് എത്രപേര്‍ അറിഞ്ഞിട്ടുണ്ട്?
മൂന്നാമതൊരു കൂട്ടര്‍
ആദ്യം പറഞ്ഞ കൂട്ടരേക്കാള്‍ എണ്ണത്തില്‍ വളരെ കുറവാണ് രണ്ടാമത്തെ കൂട്ടര്‍. എന്നാല്‍ വിശാലമനസ്‌കതയില്‍ രണ്ടാമത്തെ കൂട്ടരാണ് മുന്‍പന്തിയില്‍. അതിനേക്കാള്‍ മുന്‍പില്‍ സ്ഥാനംനലേ്കണ്ട മറ്റൊരുതരം ആരാധകര്‍ ഗുരുവിനുണ്ട്-അവര്‍ ഈഴവരല്ല. കേരളത്തിലെ സാംസ്‌കാരിക നായകന്മാരുമല്ല. അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. എണ്ണത്തിലാകട്ടെ അവര്‍ വളരെ കുറവും. എന്നാലും ഗുരുവിന്റെ അമൃതവാണികള്‍ ഉള്‍ക്കൊള്ളുന്ന 'ആത്മോപദേശശതക'ത്തിലൂടെയും 'ദര്‍ശനമാല'യിലൂടെയും 'അറിവി'ലൂടെയും 'അദൈ്വതദീപിക'യിലൂടെയും മറ്റും മറ്റും കടന്നുപോയി മനനം ചെയ്യുന്ന അവരില്‍നിന്നുണ്ടാകുന്ന സ്വാഭാവികമായ പ്രതികരണം, ''ഗുരു പറയുന്ന ഈ രഹസ്യം ലോകനേതാക്കന്മാര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ ലോകം എന്നേ രക്ഷപ്പെട്ടുപോകുമായിരുന്നു'' എന്നാണ്. ഗുരുവിനെ ഇത്തരത്തില്‍ അറിഞ്ഞ് ആരാധിക്കുന്നവര്‍ക്ക് കേരളത്തിലെ ജാതിചിന്തയെപ്പറ്റിയോ സാമുദായിക പ്രശ്‌നങ്ങളെപ്പറ്റിയോ ഒന്നും അറിയില്ല. അവര്‍ ഗുരുവിനെ ബന്ധപ്പെടുത്തിക്കാണുന്നത് സ്വന്തം ജീവിതത്തോടും ആകെ ലോകത്തിലെ ജീവിതക്രമത്തോടും ആണ്. സ്വന്തം ജീവിതത്തെ ഗുരുവിന്റെ ജ്ഞാനവചസ്സുകള്‍ എത്രമാത്രം സംഫുല്ലമാക്കുന്നു എന്ന് അവര്‍ ആത്മപരിശോധന നടത്തും. ലോകജീവിതത്തെ സംഫുല്ലമാക്കാന്‍ അതേ ഉപദേശങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അവര്‍ പരിശോധിക്കും. രണ്ടാമതു പറഞ്ഞത് എന്നും ഒരു സ്വപ്നമായും ആദ്യ പറഞ്ഞതു ജീവിത യാഥാര്‍ഥ്യമായും ആണ് അവര്‍ അനുഭവിക്കുന്നത്.
ഏറ്റവും ഉദാത്തമായ വിലയിരുത്തല്‍
നാരായണഗുരുവിനെ പ്രധാനമായും മൂന്നു തലത്തില്‍ കണ്ടു വിലയിരുത്തിപ്പോരാറുള്ളതിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടല്ലോ. അവയില്‍ ഏതാണ് ഏറ്റവും ഉദാത്തം? മൂന്നാമത്തേതുതന്നെ. കാരണം, ശാശ്വതത്വമുള്ള താത്ത്വികമായ ഒരു അടിത്തറ അതിനുണ്ട്. മാത്രമല്ല, അതിന് എക്കാലത്തും എവിടെയും സ്വീകാര്യമായ മൂല്യവുമുണ്ട്.
ഇങ്ങനെ നോക്കുമ്പോള്‍ ഗുരൂപദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ (മാധ്യമങ്ങള്‍ ഉള്‍പ്പെടെ) ഏതു തരത്തിലുള്ള വിലയിരുത്തലിനാണ് മുഖ്യസ്ഥാനം നലേ്കണ്ടത്? മൂന്നാമത്തേതിനുതന്നെ. എന്നാല്‍ മാധ്യമങ്ങളും ജനങ്ങളില്‍ മിക്കവരും ഇന്ന് മുഖ്യത കല്പിക്കുന്നത് അതിനല്ല. യേശുവിനെയും ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മധ്വാചാര്യരെയും ഒക്കെ സാമുദായികത വെച്ചുകൊണ്ട് നോക്കുന്നവരുണ്ടെങ്കിലും അവര്‍ നല്കിയ ജ്ഞാനസാരത്തിന്റെ സ്വരൂപം ഉള്‍ക്കൊള്ളാന്‍ പണ്ഡിതസമൂഹവും വിശ്വാസിസമൂഹവും ഒരുപോലെ ശ്രദ്ധവെക്കുന്നു. നാരായണഗുരുവിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ, അത് ഇനി സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വരാം.
ജ്ഞാനസാരം
എന്താണ് ഗുരുക്കന്മാര്‍ കണ്ടെത്തിയ ജ്ഞാനസാരം? പ്രപഞ്ചത്തെ-ജീവിതത്തെ സംബന്ധിക്കുന്ന രഹസ്യം തന്നെയാണത്. പല ഗുരുക്കന്മാര്‍ കണ്ടെത്തിയത് ഒരു രഹസ്യമോ പല രഹസ്യമോ? ഈ പ്രപഞ്ചം ഒന്നാണ്. ജീവിതം എന്ന അതിലെ പ്രതിഭാസവും ഒന്നാണ്. അപ്പോള്‍ അവയെ സംബന്ധിക്കുന്ന സത്യവും ഒന്നായിരിക്കാനേ തരമുള്ളൂ. അങ്ങനെയാണെങ്കില്‍, പല ഗുരുക്കന്മാര്‍ പലതരത്തില്‍ പറഞ്ഞതോ? അവര്‍ പറഞ്ഞതിലെ തരത്തിനേ വ്യത്യാസമുള്ളൂ; അവയിലെ പൊരുളിനു വ്യത്യാസമില്ല. എന്താണ് ആ പൊരുള്‍? സ്വന്തം ജീവിതത്തെ തീവ്രമായ ഒരു തപസ്സാക്കിത്തീര്‍ത്ത ഗുരു, ആ സത്യത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്:
'' 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം.'' (ആത്മോപദേശശതകം-24)
അതായത് 'അവന്‍', 'ഇവന്‍', 'മറ്റേവന്‍', 'അത്', 'ഇത്', 'മറ്റേത്' എന്നൊക്കെ നാം വെവ്വേറെ എന്നതുപോലെ മനസ്സിലാക്കിപ്പോരുന്നതെല്ലാം, ആദിമമായ ഒരൊറ്റ സത്യത്തിന്റെ നാനാതരം പ്രകടഭാവങ്ങളാണ്. ആ സത്യത്തെ ആത്മാവെന്നു ഗുരു വിളിച്ചു. ആധുനിക ഭൗതികശാസ്ത്രജ്ഞന്‍, ഭൗതിക പ്രപഞ്ചത്തിനെല്ലാം ആധാരമായിരിക്കുന്നത് ഊര്‍ജമാണെന്നു കണ്ടെത്തി. അതുപോലെ, ഭൗതികമെന്നോ അല്ലാത്തതെന്നോ ഉള്ള ഭേദമില്ലാതെ സമസ്തപ്രപഞ്ചത്തിനും ആധാരമായിരിക്കുന്നത് ആത്മാവാണ്. ഊര്‍ജം എന്ന ഒരൊറ്റ സത്യം വടിവാര്‍ന്നതാണ് ഭൗതിക പ്രപഞ്ചമെന്ന് ഭൗതികശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നു. ആത്മാവ് എന്ന ഏക സത്യം വടിവാര്‍ന്നതാണ്. ഭൗതികവും ഭൗതികേതരവും ഉള്‍പ്പെടുന്ന പ്രപഞ്ചം എന്ന് ഗുരു ദര്‍ശിക്കുന്നു. എന്താണ് ഈ ആത്മാവ് എന്ന സത്യം? അതു പൊരുളില്‍ അറിവാണ്. ബോധമാണ്. എന്തിനെ സംബന്ധിക്കുന്ന അറിവ്? ഒന്നിനെയും സംബന്ധിക്കുന്ന അറിവല്ല. സകലതിനെയും സംബന്ധിക്കുന്ന അറിവ് ഏത് ബോധത്തിലാണോ രൂപംകൊള്ളുന്നത് ആ ബോധമാണ് ആത്മാവ്. ആ അറിവില്‍ നടക്കുന്ന അനാദിയായ കളിയാണ്, അഥവാ നാടകമാണ് ഈ പ്രപഞ്ചവും ജീവിതവും എല്ലാം. ഗുരുവിന്റെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍:
''അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.'' (ആത്മോപദേശശതകം-34)
ഈ സത്യം സിദ്ധാന്തിക്കാനായി ആധുനികശാസ്ത്രത്തിനു സ്വീകാര്യമായ പരീക്ഷണ നിരീക്ഷണങ്ങളും വിശ്ലേഷണരീതിയും ഒക്കെ പ്രയോജനപ്പെടുത്താന്‍ ഗുരു ശ്രദ്ധിച്ചിട്ടുമുണ്ട്.
സകലതും ഒരൊറ്റ ആത്മസത്യത്തിന്റെ കളിയാണ് എന്നറിയുമ്പോഴോ? ആ ഏകത്വബോധം ജീവിതത്തിലും ജീവിതതാത്പര്യങ്ങളിലും പ്രതിഫലിക്കും.
''അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.'' (ആത്മോപദേശശതകം-24)
എന്നത് അപ്പോള്‍ ആദ്യം ഉദ്ധരിച്ച പദ്യഭാഗത്തിലെ ദര്‍ശനത്തിന്റെ പ്രയോഗഭാവമാകും. അപ്പോള്‍ ഇപ്പറഞ്ഞ പദ്യഭാഗം ഒരു ഹിതോപദേശം മാത്രമല്ല.
''അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം.''
എന്ന തത്ത്വാവബോധം യഥാര്‍ഥ ജീവിതത്തില്‍ പ്രതിഫലിച്ചതു മാത്രമാണത്. എന്നാല്‍ ഇത്തരത്തില്‍ രണ്ടു വശങ്ങളെ ചേര്‍ത്തുവെച്ച്, ഇപ്പറഞ്ഞ ഹിതോപദേശത്തെ ഒരു മുഴുവന്‍ പദ്യത്തിന്റെ ഭാഗമായി കാണുന്നവര്‍ വളരെ വിരളം. തത്ത്വാവബോധവും ജീവിതത്തില്‍ അതിന്റെ പ്രയോഗവും ഒരൊറ്റ നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയായിരിക്കുമ്പോഴേ തത്ത്വദര്‍ശനം ജീവിതഗന്ധിയായിരിക്കുകയുള്ളൂ. അത്തരത്തിലുള്ളതാണ് നാരായണഗുരുവിന്റെ ഒരിക്കലും മരണമില്ലാത്ത സത്യദര്‍ശനവും.
മറ്റൊരു പ്രയോജനതലം
ഇപ്പറഞ്ഞ അദൈ്വതദര്‍ശനംതന്നെയാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സൂക്തത്തിന്റെയും അന്തര്‍രഹസ്യമായിരിക്കുന്നത്. ഏകതയുടെ തലം, ജാതിയും മതവും കടന്ന്, ദൈവത്തിന്റെ ഏകതയിലെത്തുന്നതിനു മുന്‍പ് പ്രസക്തമായിവരുന്ന മറ്റൊരു തലമുണ്ട്-'ഒരു ലോകം' എന്നത്. ഈ ലോകം ഒരൊറ്റ സത്തയാണ്. ഒരൊറ്റ യൂണിറ്റാണ് എന്നതാണ് വസ്തുത. അതില്‍ അധിവസിക്കുന്ന കോടാനുകോടി ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് മനുഷ്യന്‍. മനുഷ്യന്‍ ഒഴികെയുള്ള ജീവിവര്‍ഗങ്ങളെല്ലാം ലോകത്തെ ഒന്നായിക്കണ്ടനുഭവിച്ചുകൊണ്ട് സ്വസ്ഥരായി കഴിയുന്നു. വിവേകശാലികളെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ മാത്രം ലോകത്തെ അനേകം തുണ്ടുകളായി (രാജ്യങ്ങളായി) വിഭജിച്ച് ആ തുണ്ടുകളുമായി താദാത്മ്യപ്പെട്ടു കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരു തുണ്ടിനെ മറ്റൊന്നില്‍നിന്നു വേര്‍തിരിക്കുന്ന രേഖ ഭൂപടത്തിലല്ലാതെ ഭൂതലത്തില്‍ കാണുകയില്ല. ഈ കാല്പനികരേഖകളുടെ സംരക്ഷണത്തിനുവേണ്ടി മനുഷ്യന്‍ ചെലവിടുന്ന പണവും പ്രയത്‌നവും എത്ര വലുതാണ്. എത്ര സഹജാതരെയാണ് അതിനുവേണ്ടി നിഷ്‌കരുണം വെടിവെച്ചിടേണ്ടിവരുന്നത്. മനുഷ്യന്റെ അജ്ഞത അവന്റെ സാമൂഹികജീവിതത്തില്‍ പരമാവധി എത്തിനില്ക്കുന്ന ഒരു സന്ദര്‍ഭമാണിത് എന്നു പറയാം. ഇതൊക്കെ ഓര്‍ക്കുമ്പോഴാണ്, ''ഗുരുക്കന്മാരുടെ വാക്കുകള്‍ ലോകനേതാക്കള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ലോകം രക്ഷപ്പെട്ടുപോകുമായിരുന്നു'' എന്നു ചിലരെങ്കിലും ചിന്തിച്ചുപോകുന്നത്. ഇത്തരം ചിന്തകളൊക്കെ വെറും സ്വപ്നാടനങ്ങള്‍ മാത്രമാണെന്നുള്ളതു സമ്മതിച്ചേ മതിയാവൂ. മനുഷ്യര്‍ തമ്മില്‍ ജാതിഭേദം ഇല്ല എന്നുള്ള ഗുരുവിന്റെ നിലപാടും ഇതുപോലെത്തന്നെ ഒരു സ്വപ്നമായി അവശേഷിക്കുകയല്ലേ? എന്നാലും മഹാഗുരുക്കന്മാരുടെ മഹത്‌സ്വപ്നങ്ങള്‍, അപ്രായോഗികം എന്നു സമ്മതിക്കവേ തന്നെ, അവ എത്രയോ സത്യവും മൂല്യമുള്ളതുമാണെന്ന് നാം സമ്മതിച്ചുപോകുന്നു. ഇത്തരത്തില്‍ മഹത്‌സ്വപ്നങ്ങള്‍ കാണുന്ന മഹാഗുരുക്കന്മാര്‍ കാലാകാലങ്ങളില്‍ സംഭവിച്ചിരുന്നില്ല എങ്കില്‍ ഈ ലോകത്തില്‍ മനുഷ്യരുടെ ജീവിതം ഇന്നുള്ളതില്‍നിന്ന് എത്ര തരംതാഴ്ന്നതാകുമായിരുന്നു! അത്രയ്ക്ക് കട്ടപിടിച്ചതാണ് മനുഷ്യനില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അജ്ഞത.
''അറിവിനെ മൂടുമനിത്യമായയാം ഈ ഇരുളിനെയീര്‍ന്നെഴും ആദിസൂര്യനാ''യിട്ടാണ് ഓരോ കാലഘട്ടത്തിലും ഓരോ ഗുരു ഭൂജാതനാകുന്നത്. ആ പരമ്പരയിലെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയാണ് നാരായണഗുരു.
http://www.mathrubhumi.com/article.php?id=485375
Thursday, August 26, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment