Sunday, September 27, 2009
124.Poet Balachandran Chullikad said about Guru
ചിന്തയില്‍ ശങ്കരാചാര്യര്‍ക്കു തുല്യനും കര്മ്മത്തില്ശങ്കരാചാര്യരേക്കാള് മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കില്അതു ശ്രീനാരായണഗുരുദേവനാണ്. ദേവന്എന്ന് എന്തിനാണ് അദ്ദേഹത്തെ വിളിക്കുന്നത്, മനുഷ്യന് എന്നു വിളിച്ചാല്‍ പോരെ എന്നു യുകതിവാദികള്‍ ചോദിക്കാറുണ്ട്. പോരാ. മറ്റു മനുഷ്യരില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സാധാരണ മനുഷ്യര്‍ക്കു സാധിക്കാന്‍ കഴിയാത്ത മഹത്തായ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. മഹത്ത്വത്തിന്റെ പര്യായമാണു ദിവ്യത്വം. ദിവ്യത്വം പ്രകാശിപ്പിച്ച ആള് ദേവന്. അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള പാമരന്മാര്‍ക്കും അദ്ദേഹം ശ്രീനാരായണഗുരുദേവന്‍ തന്നെ. തുഞ്ചത്തെഴുത്തച്ഛന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മലയാളകവിയും ശ്രീനാരായണ ഗുരുദേവന് തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമായ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂര്‍ണ്ണതയോ ലൌകികനായ കുമാരനാശാന്റെ കവിതകളില്‍ ഇല്ല എന്നാണ് എന്റെ അനുഭവം.
തത്ത്വശാസ്ത്രം ഞാന്‍ പഠിച്ചിട്ടില്ല. അതു പഠിക്കാന്‍ വേണ്ട ബുദ്ധിശക്തി എനിക്കില്ല. (തത്ത്വശാസ്ത്രം അറിയാം എന്ന് ധരിച്ചുവശായിരിക്കുന്ന പലരേക്കാളും ഭേദമാണ് എന്റെ അവസ്ഥ എന്നുമാത്രം.എന്തെന്നാല്‍ ഇക്കാര്യത്തില്‍
എനിക്ക് എന്റെ പരിമിതി അറിയാമല്ലൊ.)സംസ്കൃതവും പാലിയുമൊന്നും അറിയാത്തതിനാല്‍ ഭാരതീയ തത്ത്വചിന്തയിലെ മൂല കൃതികള്‍ വായിച്ചുനോക്കാന്‍പോലും എനിക്കാവില്ല. ഭാരതീയചിന്തയില്‍ ഭൌതികവാദവും അജ്ഞേയതാവാദവും ആത്മീയ വാദവും ഇവയ്ക്കെല്ലാം പലേ പിരിവുകളും ഉണ്ടെന്നു കേട്ടിട്ടുണ്ട്.ഭാരതീയചിന്തയില്‍
നെടുനായകത്വം അദ്വൈതവേദാന്തത്തിനാണെന്നും കേട്ടിട്ടുണ്ട്.അദ്വൈതം രണ്ടില്ല എന്നും ‘ശങ്കരന്റെ അദ്വൈതം തന്നെ നമ്മുടെ അദ്വൈതം ’എന്നും ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെയൊന്നും വിശദാംശങ്ങൾ എനിക്ക് ഒരു പിടിയുമില്ല.
എന്നെപ്പോലുള്ള പാമരർക്കുവേണ്ടി ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു:
“ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.”
മലയാളം മനസ്സിലാകാത്ത മലയാളികൾക്കായി ആ അരുളിനെ ഒരിക്കല്‍
യതി ഇങ്ങനെ വിശദീകരിച്ചു:
Process of creation, Creator,Creation, and material for creation is identical.
ഇതിനപ്പുറം അറിവില്ല ,മഹത്ത്വമില്ല ,ഇതിനേക്കാള്‍ വലിയ യുക്തിവാദമില്ല ,ഇതിനേക്കാള്‍ ലളിതമായി ഒന്നുമില്ല, എന്നെല്ലാം അറിവുള്ളവര്ആശ്ചര്യപ്പെടുന്നു.എന്നാല്‍
ജീവിതത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ആചരിക്കാനും സാക്ഷാത്ത്കരിക്കാനും ഈ സര്‍വ്വഭൂതസമഭാവനയേക്കാള്‍ പ്രയാസമേറിയതായി മറ്റൊന്നുമില്ല എന്നാണ് എന്റെ അനുഭവം. ആ അസാദ്ധ്യത്തെ സാധിച്ച നാരായണഗുരുദേവപാദങ്ങളില് ആജീവനാന്തപ്രണാമം.
Subscribe to:
Post Comments (Atom)
1 comments:
source-http://balachandranchullikkad.blogspot.com/2009/09/blog-post_6788.html
Post a Comment