Sunday, November 7, 2010

151.ഗുരുഭക്തിയല്ല; ഗുരുവിനെ അറിയുകയാണു വേണ്ടത്























ഭാരതീയര്‍ പൊതുവെ ഗുരുഭക്തരാണ്. ഭക്തിയില്‍ ഒരുവിധ വിധേയത്വമുള്ളതുകൊണ്ട് ഗുരുക്കന്മാരെ നമുക്കറിയാന്‍ കഴിയില്ല. കേരളത്തില്‍ നാരായണഗുരുവിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഒരാളുടെ ജീവിതം എത്ര മഹത്തരമായാലും കാലികസംബന്ധിയായി മാത്രമേ ആ മഹാത്മാവിന്റെ ജ്ഞാനത്തിനും കര്‍മത്തിനും പ്രസക്തിയുണ്ടാകൂ. അതുകൊണ്ടുതന്നെ ഇനി ഒരു നാരായണഗുരുവോ, ഗാന്ധിജിയോ, കാറല്‍ മാർക്‌സോ ഉണ്ടാവില്ല. ചരിത്രം ആവര്‍ത്തിക്കുകയില്ലെന്നു പറയുന്നത് ആ അര്‍ഥത്തിലാണ്. എങ്കിലും മഹാന്മാരുടെ ജീവിതം ഭാവിതലമുറക്ക് എന്നും മാതൃകയായിരിക്കും. ഭൂതകാല മാതൃകകളെ ഉള്‍ക്കൊണ്ടുകൊണ്ടു മാത്രമേ നമുക്ക് ഭാവിയിലേക്ക് കാല്‍വയ്‌പ് നടത്താനാകൂ. പഴയതിനെ അപ്പാടെ തിരസ്‌കരിച്ചുകൊണ്ട് ഒരു പുതിയ ജീവിതരീതിയുണ്ടാക്കാന്‍ ഒരിക്കലും കഴിയില്ല. ചരിത്രവും സംസ്‌കാരവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതാണ് അതിനുള്ള കാരണം. രാഷ്‌ട്രീയത്തിനും അതിന്റേതായ പങ്ക് നിര്‍വഹിക്കാനുണ്ടാകും. പഴയതിനെ മൂല്യനവീകരണം (Dialectical Revaluation) ചെയ്‌ത് അവതരിപ്പിക്കുകയായിരിക്കും പഴയതിന്റെ സ്ഥാനത്തു പുതിയതിനെ അവതരിപ്പിക്കാനുള്ള മാര്‍ഗം.

നാരായണഗുരുവിന്റെ കാലഘട്ടത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അദ്ദേഹം ഏതെങ്കിലും ഒരു തത്വത്തെ മുറുകെപ്പിടിച്ചാണ് പ്രവര്‍ത്തിച്ചതെന്ന്പറയാനാകില്ല. അദ്വൈതവേദാന്തം ഗുരുവിന് ഒരു മാര്‍ഗദര്‍ശിയായിരുന്നിരിക്കാം. എന്നാല്‍ ശ്രീശങ്കരനെപ്പോലെ ഒരു ദാര്‍ശനിക വ്യാഖ്യാതാവായിരുന്നില്ല. കേരളത്തില്‍ മാത്രമല്ല, കേരളത്തോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും പ്രദേശങ്ങളിലൊക്കെ ഗുരു ഒരു അവധൂതനായി സഞ്ചരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ, പ്രത്യേകിച്ച് അവര്‍ണരുടെ ജീവിതമായിരുന്നു ഗുരുവിന്റെ ചിന്തകളെ നയിച്ചത്. സത്യത്തോടു നീതി പുലര്‍ത്താത്ത തത്വങ്ങള്‍ക്ക് ഗുരു ഒരു വിലയും കല്പിച്ചില്ല. അവര്‍ണരുടെ ജീവിതത്തെ ഉല്‍കൃഷ്‌ടമാക്കുന്ന തത്വങ്ങളില്‍ മാത്രമേ ഗുരു ശ്രദ്ധിച്ചിരുന്നുള്ള. ജീവിതത്തിന്റെ ഉയര്‍ച്ച എന്നു പറയുമ്പോള്‍ അത് ഭൌതികമായ ജീവിത നിറവേറലുകളുടെ ലഭ്യതയുംകൂടി ആയിരിക്കണമെന്ന് ഗുരുവിനറിയാമായിരുന്നു. ശ്രീശങ്കരന്‍ വിഭാവനം ചെയ്‌ത അദ്വൈതവേദാന്തത്തിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പായിരുന്നില്ല നാരായണഗുരുവിന്റേത്. കടുത്ത നിരീശ്വരവാദികളെയും യുക്തിവാദികളെയും ഗുരു തന്റെ ശിഷ്യന്മാരായി സ്വീകരിച്ചു. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച അവര്‍ അദ്ദേഹത്തെ തങ്ങളുടെ ഗുരുവായി അംഗീകരിക്കുകയും ചെയ്‌തു. നാരായണഗുരുവിന്റെ ജീവചരിത്രമെഴുതിയവര്‍ ആരുംതന്നെ ഗുരുവിനോടുള്ള നിര്‍വിശേഷമായ ഭക്തിയില്‍ കവിഞ്ഞ് അക്കാര്യങ്ങളെ സംബന്ധിച്ച ഗുരുവിന്റെ മനോഭാവം എന്തെന്നന്വേഷിക്കാന്‍ മുതിര്‍ന്നതുമില്ല.

സാമാന്യരീതിയിലുള്ള ഒരു അദ്വൈത വേദാന്തിയുടെ കാഴ്‌ചപ്പാടല്ല നാരായണഗുരുവിനുണ്ടായിരുന്നത്. എതിര്‍പ്പുകളെ വകവയ്‌ക്കാതെയുള്ള ഒരു ജീവിതശൈലിയാണ് ഗുരു സ്വീകരിച്ചതെങ്കിലും ആ ശൈലി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആര്‍ക്കും തോന്നിയില്ല. തെക്കെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞപക്ഷം കേരളത്തിന്റെ തെക്കെ അറ്റത്തുള്ള കന്യാകുമാരി, തിരുനെല്‍വേലി ജില്ലകള്‍മുതല്‍ വടക്ക് മംഗലാപുരംവരെയുള്ള സ്ഥലങ്ങളില്‍ പല തവണ സഞ്ചരിച്ച ഗുരു അവിടങ്ങളില്‍ ജീവിക്കുന്ന അവര്‍ണരിലും അഹിന്ദുക്കളിലും ഇടപഴകിയതിന്റെ അനുഭവപാഠങ്ങള്‍ പഠിച്ചിരുന്നു. അദ്വൈത വേദാന്തത്തിലെ കേവലമായ ആത്മാവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊന്നും ഗുരുവിനുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. താന്‍ ഇടപഴകിയ ചോവന്മാരിലും പുലയരിലും മറ്റു ജാതിമതസ്ഥരിലും ആത്മാവിന്റെ പ്രശ്‌നങ്ങള്‍ ഒരു ആത്മീയവാദി സാധാരണഗതിയില്‍ ധരിക്കുന്നതുപോലെയല്ല ഗുരു കണ്ടത്. ആത്മാവു കളവുപോയ ഒരു ജനതതിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ഈ ആത്മാവാകട്ടെ, അവരുടെ ചിന്താശക്തിയുടെ വിധേയത്വമാണെന്ന് ,അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഒരു ജനസമൂഹമെന്ന നിലയില്‍ ഇവരുടെ ബുദ്ധി എവിടെപ്പോയി? ഇവര്‍ക്ക് ഒരു ബ്രാഹ്മണന്റെ അരികില്‍ക്കൂടി നടന്നുകൂടെന്നു പറയുന്നത് ഇവര്‍ എങ്ങനെ സമ്മതിച്ചുകൊടുത്തു? കൃഷിചെയ്‌തും മീന്‍പിടിച്ചും മറ്റുള്ളവര്‍ക്ക് ആഹാരമുണ്ടാക്കിക്കൊടുക്കുന്ന അധ്വാനശീലര്‍ക്ക്, അവരുടെ അധ്വാനംകൊണ്ട് മൃഷ്‌ടാന്നഭോജനം നടത്തുന്നവരുടെ കണ്‍മുമ്പില്‍ വന്നുകൂടെന്നോ? അങ്ങനെ പറയുന്നവര്‍ക്കും, അവര്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ധര്‍മരാജന്മാര്‍ക്കും അദ്വൈതചിന്ത ഉള്‍ക്കൊള്ളുന്ന ധര്‍മവ്യവസ്ഥിതിയോട് എന്തെങ്കിലും ബന്ധമുണ്ടോ? ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ഗുരു വളരെ ഗാഢമായി ചിന്തിച്ചിരിക്കണം. പരമ്പരാഗതമായി അവരില്‍ കടന്നുകൂടിയ അപകര്‍ഷതാബോധംകൊണ്ടാണതെന്ന സത്യം തിരിച്ചറിഞ്ഞിരിക്കണം. ബുദ്ധിപരമായ ഈ അപകര്‍ഷത്തെ ഇല്ലാതാക്കുന്നതിനുവേണ്ട പരിഹാരമാര്‍ഗങ്ങളെപ്പറ്റിയാണ് ഗുരു തന്റെ ജീവിതകാലംമുഴുവന്‍ ചിന്തിച്ചത്.

നാരായണഗുരുവിന്റെ ജാതിചിന്തയെയും, മതചിന്തയെയും, ഈശ്വരചിന്തയെയും വിലയിരുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ പരിഹാരമാര്‍ഗങ്ങളെ മുന്‍നിര്‍ത്തി ചിന്തിച്ചില്ലെങ്കില്‍ നാം വഴിതെറ്റും. അദ്ദേഹം ക്ഷേത്രപ്രതിഷ്‌ഠകള്‍ നടത്തിയതും, ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും ആളുകള്‍ വൃത്തിയായി വരുന്നതിനും, ഒത്തുകൂടുന്നതിനും അവര്‍ക്കുണ്ടായിട്ടുള്ള പരാധീനതകളുടെ പരിഹാരമാര്‍ഗങ്ങളെപ്പറ്റി കൂട്ടായി ആലോചിക്കുന്നതിനും ഈശ്വരചിന്തയിലൂടെ ചിത്തശുദ്ധി വരുത്തുന്നതിനും വേണ്ടിയായിരുന്നു. ദീപം, ഫലകം, ശാരദ, കണ്ണാടി, മൂര്‍ത്തികളൊന്നുമില്ലാത്ത അദ്വൈതാശ്രമം മുതലായ പ്രതിഷ്‌ഠകള്‍ അതാണു കാണിക്കുന്നത്. ഈ പ്രതിഷ്‌ഠകള്‍ക്കൊക്കെ അദ്വൈത ദര്‍ശനവുമായി ബന്ധമുണ്ടെന്നു പറയാമെങ്കിലും നിലവിലുണ്ടായിരുന്ന ഹിന്ദുധര്‍മവുമായും ക്ഷേത്രാരാധനയുമായും ബന്ധമൊന്നുമില്ല. ക്ഷേത്രങ്ങളും മതങ്ങളും മനുഷ്യന് ആവശ്യമാണോ അല്ലയോ എന്നുള്ള ചോദ്യത്തിന് ഗുരു ഖണ്ഡിതമായി ഉത്തരം പറഞ്ഞില്ല. ഗുരുവിന്റെ ആധ്യാത്മിക ചിന്തയില്‍ ക്ഷേത്രമോ, മതമോ ഒരു പ്രശ്‌നമായിരുന്നില്ല. ഭാരതീയ ആധ്യാത്മിക പദ്ധതിയുടെ ഒരു പരിഷ്‌കൃത രൂപമായിരുന്നില്ല നാരായണഗുരുവിന്റെ ഉദ്ദേശ്യം. വേദത്തിലെ അദ്വൈതമതം ശ്രീശങ്കരന്‍ വ്യാഖ്യാനിച്ചതില്‍നിന്നും എത്രയോ ഉയര്‍ന്നതായിരുന്നു നാരായണഗുരുവിന്റേതെന്ന് അദ്ദേഹത്തിന്റെ 'ജ്ഞാനകര്‍മ സമുച്ചയ' മാര്‍ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ജ്ഞാനകര്‍മ സമുച്ചയം പാടില്ലെന്ന് ശ്രീശങ്കരന്‍ പറയുന്നത് നാരായണഗുരു സമ്മതിച്ചുകൊടുത്തില്ല. ഗുരുവിനുമുമ്പുതന്നെ സ്വാമി വിവേകാനന്ദന്‍ ജ്ഞാനകര്‍മ സമുച്ചയമാണ് ഭാരതത്തിനു വേണ്ടതെന്നു പറയുകയുണ്ടായി. വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കാതെ അദ്വൈതം പറയുന്നതില്‍ അര്‍ഥമില്ലെന്നാണദ്ദേഹം പറഞ്ഞത്. അദ്വൈതം പഠിപ്പിച്ചതുകൊണ്ടുമാത്രം ജാതിമതഭേദചിന്തകള്‍ മാറ്റാന്‍ കഴിയില്ലെന്ന് ഗുരുവിനറിയാമായിരുന്നു. ഗുരു മഹാത്മാഗാന്ധിയുമായി നടത്തിയ സംഭാഷണവും പ്രായോഗിക പ്രവര്‍ത്തനങ്ങളും അതാണു കാണിക്കുന്നത്. 'അയിത്താചാരം മാറിയാല്‍ മാത്രം മതിയാകില്ലെന്നും, അവര്‍ക്കു ധനവും വിദ്യാഭ്യാസവുമുണ്ടാകണമെന്നും, അതിനു ഗാന്ധിജി ഒന്നുകൂടി ജനിക്കേണ്ടിവരുമെന്നും' ഗാന്ധിജിയുമായി ഗുരു നടത്തിയ സംഭാഷണത്തില്‍ പറയുന്നുണ്ട്.

അറിവിന്റെ കുറവുകൊണ്ടാണ് മനുഷ്യന്റെ ചിന്ത പുറകോട്ടടിക്കുന്നതെന്ന് ഗുരുവിനറിയാമായിരുന്നു. അതുകൊണ്ട് ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാകണമെന്ന് ഗുരു ഉപദേശിച്ചു. ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരികമായ അന്ധതയെ പഠിച്ചതിന്റെ ഫലമായിരുന്നു ക്ഷേത്രസങ്കല്പത്തിലൂടെയുള്ള വിദ്യാലയങ്ങള്‍. മെഴുവേലിയില്‍ (പത്തനംതിട്ട) ക്ഷേത്രപ്രതിഷ്‌ഠക്കായി കൊണ്ടിട്ട, ചെത്തിമിനുക്കിയ കല്ലെടുത്തു വിദ്യാലയത്തിനു തറക്കല്ലിട്ട സംഭവം ഇന്നും അസാധാരണമാണ്. സര്‍പ്പക്കാവു വെട്ടിത്തെളിച്ചാണ് വിദ്യാലയത്തിനുവേണ്ട സ്ഥലമുണ്ടാക്കാന്‍ ഗുരു നിര്‍ദേശിച്ചത്.

നാരായണഗുരു പടുത്തുയര്‍ത്തിയ ആധ്യാത്മിക ചിന്താപദ്ധതിയില്‍ ക്ഷേത്രവും മതവും ഒന്നും പ്രശ്‌നമായിരുന്നില്ല. ക്ഷേത്രത്തെയും മതത്തെയും ഈശ്വരനെയും അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കുവേണ്ടി, അധ്വാനിച്ച് അടിമയായി ജീവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി. അവരുടെ ദൈനംദിന ജീവിതത്തില്‍ ഗുരു വരുത്തിയ മാറ്റങ്ങള്‍ക്ക് മതത്തിന്റെയോ ദൈവത്തിന്റെയോ ആവശ്യം വേണ്ടിവന്നിടത്ത് അതുപയോഗിക്കുകയായിരുന്നു. നാരായണഗുരു ആസ്‌തികനായിരുന്നോ നാസ്‌തികനായിരുന്നോ എന്ന് നമുക്ക് ഇഷ്‌ടംപോലെ വാദിക്കാം. എന്നാല്‍ സാമാന്യ ജനങ്ങളും ദൈവവുമായി സന്ധിക്കുന്ന വേദിയില്‍വച്ച് ഒരു തീരുമാനമെടുക്കാന്‍ ഗുരു മെനക്കെട്ടതായി കാണുന്നില്ല. നമ്മുടെ ഭാവനക്കനുസരിച്ച് ഏതു മഹാന്റെ അഭിപ്രായത്തെയും നമുക്ക് വ്യാഖ്യാനിക്കാന്‍ കഴിയും. പക്ഷേ അതെല്ലാം ആ മഹാത്മാവു ചിന്തിച്ച വിധത്തിലായിരിക്കണമെന്നില്ല. എല്ലാ പ്രവാചകന്മാര്‍ക്കും ഗരുക്കന്മാര്‍ക്കും ഈ ദുഃസ്ഥിതി വന്നുപോയിട്ടുണ്ട്.

ആറ്റിന്റെ കയത്തില്‍ മുങ്ങിത്തപ്പി ഒരു കല്ലെടുത്ത്, കരക്കു മറ്റൊരു കല്ലില്‍ പ്രതിഷ്‌ഠിച്ചുകൊണ്ട് അതു ശിവലിംഗമാണെന്നും, ശിവലിംഗത്തിലും അടിസ്ഥാനമായുള്ളതു കല്ലാണെന്നും പറയാന്‍ കഴിഞ്ഞ ഗുരുവിനെ സാധാരണ മനുഷ്യനു പിടികിട്ടുകയില്ല. താന്‍ പ്രതിഷ്‌ഠിച്ച ക്ഷേത്രം "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണ് '' എന്നും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് '' എന്നും "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'' എന്നും പറയുവാന്‍ കഴിഞ്ഞ ഗുരുവിന് മതവും ഈശ്വരനും ഒന്നും ഒരു വലിയ പ്രശ്‌നമായി വരികയില്ലെന്നു കരുതുന്നതാണ് ഏറ്റവും ഉചിതം. ജാതിക്ക് മനുഷ്യത്വമെന്നും, മതത്തിന് അഭിപ്രായമെന്നും, ഈശ്വരന് അറിവെന്നുമാണ് ഗുരു അര്‍ഥം പറഞ്ഞിട്ടുള്ളത്. ഗുരുസ്ഥാനം സ്വതഃസിദ്ധമായ അറിവിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കൈവരിച്ച ഒരു മഹാത്മാവിന്റെ മതാനുഗമനവും നിഷേധവും തിരിച്ചറിയാന്‍ ശ്രമിക്കുന്നതും ദൈവവിശ്വാസത്തെപ്പറ്റി പരിണാമരീത്യാ ചര്‍ച്ച ചെയ്യുന്നതും തെറ്റായിരിക്കും. ശരിക്കും പഠിക്കാന്‍ ശ്രമിച്ചാല്‍ നാരായണഗുരുവിനു പൊതുജീവിതത്തില്‍ ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യമായിരുന്നെന്നു കാണാം. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന ഒരു പരിതഃസ്ഥിതിയുണ്ടാവുക എന്നതാണ് ആ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം തന്റെ ജീവിതകാലംമുഴുവനും പ്രവര്‍ത്തിച്ചു.

യാതൊന്നിനാലും എതിര്‍ക്കപ്പെടാതെ എല്ലാറ്റിനെയും എതിര്‍ക്കുന്ന ഒരു പ്രവര്‍ത്തന സരണിയായിരുന്നു ഗുരുവിന്റേത്. ഒരു പ്രവാചകന്റെ കര്‍മാവേശവും, ദാര്‍ശനികന്റെ സഹിഷ്‌ണുതയും, സ്‌ഥൈര്യവും ഒന്നിച്ചിണങ്ങിയ വ്യക്തിജീവിതമായിരുന്നു അത്. കേരളത്തിനു സര്‍വതോമുഖമായ നവോത്ഥാനത്തിന് ബീജാവാപം ചെയ്യുകയും വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വളരാനുള്ള മണ്ണ് ഉഴുതുമറിച്ചിടുകയും ചെയ്‌തു. ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹിക- സാംസ്‌കാരിക - രാഷ്‌ട്രീയ ചരിത്രത്തില്‍ നാരായണഗുരുവിന്റെ പ്രസക്തി എന്തായിരുന്നുവെന്ന് സത്യസന്ധമായി ചിന്തിക്കാന്‍ നാം കേരളീയര്‍ തയാറാകേണ്ടിയിരിക്കുന്നു. നമുക്കുണ്ടായിട്ടുള്ള ആധ്യാത്മിക-ഭൌതിക ജീര്‍ണതകളെ ദൂരീകരിക്കാനുള്ള മാര്‍ഗം അതാകുന്നു. വീണ്ടും ഒരു നാരായണഗുരു ഉണ്ടാകില്ലെന്നറിയുക.


*****

ആര്‍ സുധന്‍, കടപ്പാട് :ദേശാഭിമാനി വാരിക, 24 ഒക്‌ടോബർ 2010

Thursday, November 4, 2010

150.Gurudarshanam - slide show

Your pictures and fotos in a slideshow on MySpace, eBay, Facebook or your website!view all pictures of this slideshow