Monday, February 8, 2010
127.ശ്രീനാരായണഗൌരവം
ശ്രീനാരായണഗൌരവം:പ്രൊഫസര്‍. ഡോ: പി.സി. രഘുരാജ്,
പത്തൊമ്പതാം ശതകത്തില്‍ പാശ്ചാത്യസംസ്കാരത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവാന്‍ ഭാരതത്തെ സജ്ജമാക്കുക എന്നതായിരുന്നു സാമൂഹ്യപരിഷ്കര്‍ത്താക്കളായ ഭാരതീയാചാര്യരുടെ പൊതുവായ ലക്ഷ്യം. ഭാരതം മുന്‍പു നേരിട്ടിട്ടുള്ള വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായി, പാശ്ചാത്യരുടെ അധിനിവേശരീതിയ്ക്ക് ആധുനികശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. അതിന്റെ വര്‍ണ്ണാഭമായ ജൈത്രയാത്രയുടെ വിളംബരമായിരുന്നു പ്ലാസിയുദ്ധത്തില്‍ ബ്രിട്ടിഷുകാരുടെ വിജയം. സാധാരണ പരാജിതരാഷ്ട്രം ആയുധം വെച്ചു കീഴടങ്ങി, വിജയിയുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയാണു പതിവു് ; സ്വത്വം അടിയറവെച്ചുകൊണ്ടുപോലും. എന്നാല്‍, ഭാരതമാകട്ടെ, പരാജയം സൈനികം മാത്രമാണെന്നു കണ്ട്, വീണ്ടും സമസ്തശക്തിയും സംഭരിച്ച് ഏറ്റുമുട്ടലുകള്‍ക്കായി തെയ്യാറാവുകയും നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സംസ്കാരവും വീണ്ടെടുക്കുകയും ആണു ചെയ്തത്. ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഇടങ്ങളിലെ ജനങ്ങളാകട്ടെ, അധിനിവേശക്കാര്‍ക്കു കീഴടങ്ങി, അവരുടെത്തന്നെ മങ്ങിയ പതിപ്പുകളായി രൂപാന്തരപ്പെടുകയാണല്ലോ ഉണ്ടായത്. ഇതിനെന്താണു കാരണം?
ഭാരതത്തിന് ചൈതന്യവത്തായ ഒരു സംസ്കാരമുണ്ട് എന്നതാണീ ചോദ്യത്തിനുള്ള ഉത്തരം. അതാകട്ടെ ശാശ്വതസത്യത്തിലധിഷ്ഠിതവും. വെല്ലുവിളികളെ അതിജീവിക്കുകമാത്രമല്ല, അത്തരം ശക്തികളെ മെരുക്കി ആത്മസാക്ഷാല്‍ക്കരിക്കുകകൂടി ചെയ്തു ഭാരതം. ഈ സാംസ്കാരികനൈരന്തര്യത്തെ നിലനിര്‍ത്തുക എന്ന യുഗദൌത്യമാണ് ഇന്നാട്ടിലെ ആചാര്യന്മാര്‍ എക്കാലവും അനുഷ്ഠിച്ചുപോന്നിട്ടുള്ളത്.
അടിസ്ഥാനതത്വങ്ങളായ ഉപനിഷദ്‌വാക്യങ്ങളെ മുറുകെപ്പിടിച്ച് അവയെ കാലാനുസാരിയായി വ്യാഖ്യാനിച്ച്, നവീനയുഗത്തിലും അവ വിലപ്പെട്ടവയെന്നു തെളിയിക്കുകയായിരുന്നു ശ്രീനാരായണനടക്കമുള്ള ആചാര്യപരമ്പര. വര്‍ണ്ണാശ്രമധര്‍മ്മം, ജാതിവ്യവസ്ഥ, രാജവാഴ്ച തുടങ്ങിയ സമ്പ്രദായങ്ങളില്ലെങ്കിലും പുതുയുഗത്തിലും തത്വചിന്ത പ്രസക്തമാണെന്ന് സ്വജീവിതം കൊണ്ടു തെളിയിച്ച നിരവധി ഭാരതപുത്രന്മാരില്‍ പ്രമുഖനായിരുന്നു ശ്രീനാരായണഗുരു.
ഗുരുദേവന്റെ ജീവിതദൌത്യവും സന്ദേശവും ഭാരതീയാചാര്യന്മാരുടെ രീതിയില്‍നിന്നും വളരെയൊന്നും വ്യത്യാസമില്ലാത്തതായിരുന്നു. അഥവാ, ഭാരതീയരായ ആചാര്യവര്യരെല്ലാം പൊതുവായ ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആദര്‍ശശാലികളായി പ്രവര്‍ത്തിച്ചവരാണു്. അവരുടെ ലക്ഷ്യവും ആദര്‍ശവും എന്തായിരുന്നു എന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ്‍` ഇവിടെ കുറിച്ചുവെയ്ക്കുന്നത്.
സ്വമതത്തിലെ അന്ധകാരവും വിദേശമതങ്ങളുടെ ആക്രമണവും ഒന്നിച്ചു നേരിടേണ്ടിവന്ന ശ്രീനാരായണന്‍, കഠിനമായ തപശ്ചര്യയിലൂടെ ആര്‍ജ്ജിച്ച സ്ഥിതപ്രജ്ഞത ആയുധമായി. ഹിന്ദുമതത്തെ, അദ്വൈതമാകുന്ന അമൃതം കൊണ്ട് പുനര്‍ജ്ജീവിപ്പിച്ച അദ്ദേഹം തദ്വാരാ തകര്‍ന്നുകൊണ്ടിരുന്ന സമൂഹത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. അന്നു കേരളത്തിലെ ‘അവര്‍ണ്ണരില്‍’ മുമ്പന്തിയില്‍ നിന്ന ഈഴവസമുദായമായിരുന്നു ഗുരുദേവന്റെ പ്രധാന പ്രവര്‍ത്തനമേഖല. അതേസമയം ഇതരസമുദായങ്ങളെക്കുറിച്ച് മനസാ വാചാ കര്‍മ്മണാ ഒരു ഭേദചിന്തയും അദ്ദേഹം പുലര്‍ത്തിയില്ല. ക്ഷുദ്രമൃഗങ്ങള്‍ കൂടി ശാന്തരാകുന്ന ആ ദിവ്യസന്നിധിയില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കു സ്ഥാനമില്ലായിരുന്നു.
സമൂഹത്തില്‍ മൊത്തം നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉച്ചാടനം ചെയ്യാന്‍ അദ്ദേഹം ആദ്യമായി സ്വന്തം സമുദായത്തില്‍ത്തന്നെ പരീക്ഷണങ്ങള്‍ തുടങ്ങി. ഇതു പില്‍ക്കാലത്ത് ഗുരുദേവനെ ഒരു പ്രത്യേകസമുദായത്തിന്റെ ചട്ടക്കൂട്ടിലൊതുക്കാനുള്ള ശ്രമങ്ങള്‍ക്കും കാരണമായി. സവര്‍ണ്ണരില്‍ നിന്ന് കഠിനമായ എതിര്‍പ്പു നേരിടേണ്ടിവന്നുവെങ്കിലും, തപോധനനായ അദ്ദേഹത്തിന്റെ നിര്‍വൈരമായ സമീപനം എല്ലാ വിമര്‍ശനങ്ങളേയും കാലക്രമത്തില്‍ പുഷ്പാര്‍ച്ചനയാക്കിമാറ്റുന്നതു നമുക്കുകാണാം. ‘ഈഴവശിവപ്രതിഷ്ഠതന്നെ ഉത്തമോദാഹരണം.
മതത്തെ അനുഭൂതിയാക്കിമാറ്റിയ പൂര്‍വസൂരികളായ ആചാര്യരെപ്പോലെ ഗുരുദേവനും വേദാന്തതത്വങ്ങളിലുറച്ചുനിന്നുകൊണ്ടുതന്നെ സ്വന്തം നിയോഗം പൂര്‍ത്തീകരിച്ചു.
സാമൂഹ്യപരിഷ്കരണമെന്നത് കവലപ്രസംഗം കൊണ്ടോ നിയമവ്യവസ്ഥകോണ്ടൊ മാത്രം സംഭവിക്കുകയില്ലെന്നും, ഭാവാത്മകമായ പ്രവര്‍ത്തനവും സൈദ്ധാന്തികമായ പിന്‍ബലവും അതിനാവശ്യമാണെന്നും ശ്രീനാരായണന്‍ കാണിച്ചുതന്നു. വ്യക്തിശുചിത്വത്തിലും വിദ്യാഭ്യാസത്തിലും ഊന്നി, അധഃകൃതരെന്നു കരുതപ്പെട്ടിരുന്ന ഒരു സമുദായത്തെ കൈപിടിച്ചുയര്‍ത്തി, ഭാരതീയസംസ്കൃതിയുടെ അവകാശികളാക്കിമാറ്റിയ ആ പ്രവര്‍ത്തനം കേരളചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
‘ശ്രീനാരായണോപനിഷത്തിലെ’ മഹാവാക്യങ്ങളായ
“അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നു സുഖത്തിനായ് വരേണം”,
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‍” , തുടങ്ങിയവ സ്വത്വം വെടിഞ്ഞ് പരമതത്തെ ആശ്ലേഷിക്കാന്‍ വെമ്പിനിന്ന ഒരു വലിയവിഭാഗത്തെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
സമകാലികകേരളീയസമൂഹത്തെപ്പറ്റി ചിന്തിച്ചാല്‍, ഗുരുവചനങ്ങള്‍ക്കു പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായിക്കാണാം. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന മഹാവാക്യത്തിന്റെ സാരം രാജ്യത്തിന്റെ സാംസ്കാരികൈക്യത്തിനുകൂടി സഹായകമാവും വിധം മനസ്സിലാക്കുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്കു വേണ്ടത്. ജാതിഭേദം കൊണ്ടുള്ള ഉച്ചനീചത്വങ്ങള്‍ അജ്ഞാനജന്യമാണെന്ന് ഈ വിദ്യാഭ്യാസം മാത്രമേ നമുക്കു പറഞ്ഞുതരികയുള്ളൂ. ശ്രീനാരായണഗുരുവിനെ ഈ ഒരു പരിപ്രേക്ഷ്യത്തില്‍ പുതുതലമുറ പുനര്‍വായനയ്ക്കു വിധേയനാക്കിയാല്‍, ജാതിരഹിതമായ ഒരു ദേശീയസമൂഹം സൃഷ്ടിക്കപ്പെട്ടേയ്ക്കാം.
അവലംബം: ‘ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ [പി. പരമേശ്വരന്‍, ഭാരതീയവിചാരകേന്ദ്രം, 2008]
പ്രൊഫസര്‍. ഡോ: പി.സി. രഘുരാജ്,
സുധര്‍മ്മ
മാങ്കാവു്.
കോഴിക്കോട്
Subscribe to:
Posts (Atom)