Wednesday, April 17, 2013
154. ഗുരുദേവന് നല്കിയ ഗദ്യപ്രാര്‍ത്ഥന
കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും
അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ!
അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കു-കളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ!
153..ഗുരുദേവനും സി.വി.കുഞ്ഞുരാമനും ,- ഒരു സംഭാഷണം
സി.വി : ഹിന്ദു മതത്തില്‍ തന്നെ ഇരിക്കണമെന്നു പറയുന്നവര്‍ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.
ഗുരുദേവന് : അപ്പോള്‍ അവര്‍ ഹിന്ദുക്കള്‍ക്കു മാത്രമല്ല; ഹിന്ദുമതത്തിനും കൂടി പരിവര്‍ത്തനം വേണമെന്നു പറയുകയാണ്. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ. ഹിന്ദുസ്ഥാനിവാസികളെ ഹിന്ദുക്കള്‍ എന്നു വിദേശീയര്‍ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍, ഹിന്ദുസ്ഥാനത്തില്‍ ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങളും ഹിന്ദുമതങ്ങള്‍ തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല. സമ്മതിക്കുന്നിമില്ല. ഇപ്പോള്‍ ഹിന്ദുമതം എന്നു പറയുന്നത് ക്രിസ്തുമതം, മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയില്‍ നിന്നു വന്ന മതങ്ങള്‍ ഒഴിച്ച് ഹിന്ദുസ്ഥാനത്തില്‍ തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപേരു ആകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം, മുതലായവയും ഹിന്ദുമതെം തന്നെയാണെന്ന് ചിലര്‍ പറയുന്നത്. വൈദികമതം, പൌരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വൈശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം, എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങള്‍ക്ക് എല്ലാറ്റിനും കൂടി ഹിന്ദുമതം എന്ന് ഒരു പൊതുപേരു പറയുന്നത് യുക്തിഹീനമല്ലെങ്കില്‍ മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്കുപയുക്തങ്ങളായി ദേശകാലാവസ്ഥകള്‍ അനുസരിച്ച് ഓരോ ആചാര്യന്മാര് ഈഷദീഷല്‍ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങള്‍ക്കും കൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ ഏകമതം എന്നു പറയുന്നതില്‍ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്.
സി.വി : ഈ വിഷയത്തില്‍ പ്രമാദംകൊണ്ടുള്ള വഴക്കുകള്‍ ഹിന്ദുക്കള്‍ക്കുമാത്രമല്ല, അഹിന്ദുക്കള്‍ക്കും ഉണ്ട്. ക്രിസ്തുവിനു മുമ്പുള്ള മോശയുടെയും ശാലോമന്റെയും ക്രിസ്തുവിനു പിമ്പുള്ള സന്റ്പോളിന്റെയും ഉപദേശങ്ങളും കൂടി ക്രിസ്തുമതം എന്ന ഒരു ഒറ്റപ്പേരിനകത്ത് അടക്കുകയാണ് ക്രിസ്തുമതം ചെയ്തിരിക്കുന്നത്.
ഗുരുദേവന് : ഏറെക്കുറെ എല്ലാ മതക്കാരും അങ്ങനെതന്നെ ചെയ്തിരിക്കുന്നു. ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങള്‍ അടക്കി അതിനെ ഒരു മതമെന്നു പേര് വിളിക്കാമെങ്കില്‍, പല പല ആചാര്യന്മാരാല് സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേര്‍ത്ത് അതിന് ഒരു മതമെന്നോ, ഏകമതമെന്നോ, മനുഷ്യമതമെന്നോ മാനവധര്‍മ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപേരു ഇട്ടുകൂട? അങ്ങനെ ചെയ്യുന്നത് യുക്തിഭംഗവും അസംബന്ധവുമാണെങ്കില് ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങള്‍ക്കും ഏറെക്കുറെ സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ചു ചാതുര്യത്തോടെ പ്രസംഗിക്കുന്നവര്‍ക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവില്‍ എടുത്ത് അതിന്റെ ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും കാണാന്‍ കഴിയാതെ വന്നിരിക്കുന്നത് ആശ്ചര്യമായിരിക്കുന്നു. മഹാത്മജി ഇവിടെ വന്നപ്പോള്‍ ചെയ്ത പ്രസംഗത്തില്‍ ആശ്രമമുറ്റത്തു നില്ക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാണിച്ച് അതിന്റെ ശാഖകളും എങ്ങനെ ഒന്നിനൊന്നു ഭിന്നങ്ങളായിരിക്കുന്നുവോ അതുപോലെ മനുഷ്യരിലുള്ള വ്യക്തിത്വങ്ങളും ഭിന്നങ്ങളായിരിക്കും; ഈ ഭിന്നതയുള്ള കാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നങ്ങളായിരിക്കാനെ നിവൃത്തിയുള്ളു എന്നു പറയുകയുണ്ടായി. ശരിയാണ് മഹാത്മജി പറഞ്ഞത്. എന്നാല്‍ നൈയായികദൃഷ്ട്യാ അതിനെ പരിശോധിക്കുന്നതായാല്‍ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെയായാല്‍ ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്. ഇരുപതുകോടി ഹിന്ദുക്കള്‍ക്ക് ഇരുപതുകോടി മതമുണ്ടെന്നും വന്നുകൂടും. വാസ്തവം അതുതന്നെയാണെങ്കിലും ചില സാമാന്യലക്ഷണങ്ങള്‍ ഈ ഇരുപതുകോടിയുടെയും വിശ്വാസങ്ങളില്‍ ഉള്ളതുകൊണ്ട് അവരെ ഒരു മതക്കാരു എന്നു പറയുന്നു. അതുപോലെ എല്ലാ മതക്കാരുടെയും വിശ്വാസങ്ങള്‍ക്കു ചില സാമാന്യലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാര്‍ തന്നെയാണ്. സനാതമനായ ഏതെങ്കിലും ഒരു ധര്‍മ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനു നിലനില്ക്കുവാന് കഴിയുന്നതല്ല. സാഹോദര്യത്തില്‍ മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും മുഖ്യതകല്‍പ്പിക്കുന്നു.എന്നാല്‍ സാഹോദര്യം സ്നേഹത്തെയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ് ശ്രേഷ്ഠം; അതല്ല സ്നേഹമാണ് ശ്രേഷ്ഠം വിവാദമുണ്ടാക്കുന്നുവെങ്കില്‍ അതിനെ വൃഥാവിവാദമെന്നല്ലാതെ പറയാന്‍ തരമുണ്ടോ? സനാതനധര്മ്മങ്ങള് തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാല്‍ നേരിടുന്ന ആവശ്യങ്ങള്‍ അനുസരിച്ച് അവയില്‍ ഏതെങ്കിലും ഒന്നിനു മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളില്‍ അഹിംസാധര്‍മ്മത്തിനു ജഗല്‍ഗുരുക്കന്മാര്‍ മറ്റു ധര്‍മ്മങ്ങളേക്കാള്‍ മുഖ്യത കല്‍പ്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു അതിനാല്‍ അഹിംസാ ധര്‍മ്മത്തിനു ബുദ്ധന് മുഖ്യത കല്പ്പിച്ചു. നബിയുടെ കാലത്ത് അറേബിയയില്‍ സാഹോദര്യത്തിനു മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിനു മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്നു മോചനം . സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരെയും പഠിച്ചറിയുവാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല. മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസതമിക്കും.
സി.വി. : അങ്ങനെയാണെങ്കില്‍ തൃപ്പാദങ്ങളുടെ ശിഷ്യസംഘത്തില്‍ ഹിന്ദുമതവിശ്വാസിക്കും ബുദ്ധമതവിശ്വാസിക്കും കിസ്തുമതവിശ്വാസിക്കും മുഹമ്മദുമതവിശ്വാസിക്കും പ്രവേശനം അനുവദിക്കേണ്ടത് ആണല്ലോ?
ഗുരുദേവന് : നമുക്ക് അതിനു യാതൊരു വിരോധവുമില്ല.
സി.വി. : ഞാന്‍ മറ്റു മതങ്ങളെക്കാള്‍ ബുദ്ധമതത്തെയാണ് അധികം വിശ്വാസവും അധികം ബഹുമാനവുമുള്ളത്
ഗുരുദേവന് : അതുകൊണ്ട് അന്യമത ദ്വേഷമില്ലല്ലോ?
സി.വി. : തീരെയില്ല.
ഗുരുദേവന് : ബുദ്ധമതഗ്രന്ഥങ്ങള്‍ വാചിച്ചിട്ടുണ്ടോ?
സി.വി. : തര്‍ജ്ജമകള്‍ വായിച്ചിട്ടുണ്ട്.
ഗുരു : കാര്യം ഗ്രഹിക്കാന്‍ തര്ജ്ജിമയും മതിയാകും.
സി.വി. ; മൂലഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കണമെന്നു തീര്‍ച്ചയാക്കിയിരിക്കയാണ്.
ഗുരുദേവന് : എന്താണ് ബുദ്ധമതത്തോട് ഇത്ര പ്രതിപത്തി?
സിവി : ഈ കാലദേശാവസ്ഥയ്ക്ക് ബുദ്ധമുനിയുടെ ധര്‍മ്മോപദേശങ്ങളില്‍ പ്രതിപത്തി വരാതിരിക്കാന്‍ നിവൃത്തിയില്ല ജാതിമത്സരങ്ങളിലും അന്ധാചാരങ്ങളിലും നിന്നു മോചനമുണ്ടാവാന്‍ മറ്റ് എല്ലാ മതങ്ഹളെക്കാള്‍ ബുദ്ധമതം തന്നെയാണ് നന്നെന്നാണ് എന്റെ ബലമായ വിശ്വാസം.
ഗുരുദേവന് ; നമ്മുടെ സന്യാസിസംഘത്തിന്റെ കൂടെ ചേരാമെന്നു വിചാരിക്കുന്നുണ്ടോ?
സിവി : ചേരണമെന്നു താത്പര്യമുണ്ട്. ബുദ്ധമതപ്രകാരമുള്ള സന്യാസമാണെങ്കിലേ സ്വീകരിക്കാന്‍ കഴിയുകയുള്ളു.
ഗുരുദേവന് : ബുദ്ധമതപ്രകാരമുള്ള സന്യാസമായാലും മതിയെന്നു നാം ആലുവാവച്ചു പറഞ്ഞിട്ടുണ്ടല്ലോ.
സിവി : ബുദ്ധമതഗുരുക്കന്മാര്‍ കാസരോഗികള്‍ക്കു സന്യാസം കൊടുക്കുകയില്ല.
ഗുരുദേവന് : വാതരോഗികള്‍ക്കു സന്യാസം കൊടുക്കുമോ?
സിവി : അറിഞ്ഞു കൂട
ഗുരുദേവന് : നേരംപോക്കു തോന്നുന്ന നിര്‍ബന്ധങ്ങള്‍ ചിലത് എല്ലാ മതക്കാര്‍ക്കുമുണ്ട്,
.

Subscribe to:
Posts (Atom)